Poems

നിന്നോട് പറയാതിരുന്നത്


പറയുവാനിനിയുമുണ്ടേറെയെന്നാലുമീ

കഥ നമുക്കിവിടെ പറഞ്ഞുനിർത്താം.

ഒരു മരത്തണലിൽ നാമൊരുമിച്ചിരുന്നൊരാ

പകലുകളോർത്തു കിനാക്കൾ നെയ്യാം

മൃദുകരസ്പർശമെൻ ഹൃദയത്തിലേൽപ്പിച്ച

പുളകങ്ങളിൽ ഞാൻ മദിച്ചുകൊള്ളാം.

കിലുകിലെ പെയ്തൊരാ ചിരിമഴയോർത്തു ഞാൻ

ഇനിയുള്ള നാളുകൾ ധന്യമാക്കാം

ഒരുമിച്ചു വായിച്ച പുസ്തകത്താളുകൾ-

ക്കിടയിൽ മയിൽപ്പീലി കാത്തുവയ്ക്കാം

അകലെയിരുന്നു നാം കണ്ട കിനാവുകൾ

കഥയായ് മനസ്സിൽ കുറിച്ചു വയ്ക്കാം

വിട പറഞ്ഞെങ്കിലും മൃദുവായെറിഞ്ഞോരാ

നിറകൺചിരി മതിയിനിയെനിക്ക്.


English Translation

What I didn't tell you


There is lot more to tell you

But let’s discontinue telling the story here.

Let's knit together dreams

Thinking about the days we sat together in the shade of a tree.

I will find thrill brought to my heart by a soft touch.

Let's bless the days ahead with the rain of laughter with kilukile sound.

Let's keep the peacock feather in between

The pages of the books we read together.

The dream we saw from far away

Let's keep them as a story in our mind.

Even though you said good bye

That teary eyed smile is enough for me.


ബാഹുകീയം


വാഴ്ത്തുപാട്ടുകാർ പാടിനടന്നതോ

സ്നേഹവാരിധി ധീരനുദാത്തനും

ദാനശീലൻ പ്രജാക്ഷേമതൽപരൻ

വിര്യശാലിയുമെന്നൊക്കെയല്ലയോ?

ഏതു നിമാം ശക്തി വന്നെന്നുള്ളിൽ

വാണിടുന്നെന്നെയുന്മാദിയാക്കുവാൻ?

സ്വർണ്ണശോഭ പറന്നണഞ്ഞെന്നുടെ

ചിന്തയാകെ പ്രണയാർദ്രമാക്കിയോൾ

"ഞാനുടുത്തില്ലയെങ്കിലും നിന്നെ ഞാൻ

ഏതുകാലവും നന്നായുടുപ്പിക്കും.

പാവകൻ സാക്ഷിയായിട്ടുറപ്പിച്ചു

പാണിയെ ഗ്രഹിച്ചോരു ഞാനിങ്ങനെ

ക്ഷീണിതമായ പൂമേനി മൂടിയ

ചേല നിർദ്ദയം കീറി മുറിച്ചുടു-

ത്തോടുവാനായ് മനം സജ്ജമാക്കിയ-

തേതു ദുർഭൂതമേതു കുടിലത?

"വേണ്ട ചൂതാട്ടമെന്നു പലപ്പോഴും

സ്നേഹശാസന നൽകിയതൊക്കെയും

മാനനീയമായ് കാണാതെ, ചൂതിനായ്

സോദരനോടു നേർക്കുവാൻ തോന്നിയ-

തേതു ദാരുണപ്തമുഹൂർത്തത്തിൽ?

രാജ്യവും ധനവും പോയിയേകനായ്

കാട്ടിലേക്കു നടക്കാൻ തുടങ്ങുമ്പോൾ,

രാജകീയസുഖങ്ങൾ സ്വയം ത്യജി-

ചേതുമേ മടി കൂടാതനുയാത-

യായവൾ നീ സഹധർമ്മചാരിണി.

പാരിലേറ്റം സുരക്ഷിതമാമിടം

താലിചാർത്തിയവന്റെ മടിത്തലം

തന്നെയെന്നു നിനച്ചു മയങ്ങുന്ന

നിന്നെയീവിധം വിട്ടുപോന്നിടുവാൻ

തെല്ലുമേ ശങ്കയില്ലാതെയാക്കിയ-

തെന്തു നിഷ്ഠൂരമാനസ വൃത്തികൾ

ലോകപാലകർ കാവലുണ്ടാകുമെ-

ന്നാശ്വസിക്കാൻ ശ്രമിക്കുന്നു ഞാൻ

വൃഥാ ദേവകളല്ലവൾക്കു തുണയായി

വാണിടേണ്ടതു ഞാൻ തന്നെയല്ലയോ?

ഘോര സർപ്പവിഷം നിറ്റുകില്ലെന്നെ

ഈയപരാധബോധമുള്ളത്ര നാൾ

കാൽക്കൽ വീണൊന്നു മാപ്പപേക്ഷിക്കുവാൻ

കൺകളിൽ കണ്ണു നട്ടൊന്നിരിക്കുവാൻ

എന്നിനി കാലമൊക്കും മമ സഖീ?



ദമായന്തിയെയും (പിന്നെ നളനെയും പറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ച കോട്ടക്കൽ ശിവരാമന് സമർപ്പിക്കുന്നു.



കാത്തിരുപ്പ്


ഇരുളിൻ കരാളമാം കാളിമ വന്നെന്റെ

കരളിൽ ചെരാതുകൾ കെടുത്തി

പലതും പറഞ്ഞു വെറുതേ പോയ പകലിന്റെ

ചലനങ്ങളെല്ലാമൊടുങ്ങി

വിറയാർന്ന ചുണ്ടുകളിലുയിരം വാക്കുകൾ

പറയാതെ വറ്റി വരണ്ടു

കരയുവാൻ മിഴികളിൽ കണ്ണുനീരില്ലാതെ

ഒരു ശൂന്യഭാവം വിതുമ്പി

ഉയിരറ്റു പിടയുന്ന പൈതങ്ങൾ തൻ ദിന-

രുദിതങ്ങൾ കാതിൽ കലമ്പി

ദുരിതങ്ങൾ തൻ ഭാണ്ഡവും പേറി മാനവർ

തെരുവിൽ നടക്കുന്നു സ്വന്തം

കുടിയെത്തി മാറാപ്പിൽ കരുതിയ ദുഃഖങ്ങൾ

ഉടയോരുമായ് പങ്കുവയ്ക്കാൻ

തുറുകണ്ണുമായെങ്ങുമലയുന്നു പകയുമായ്

അറുകൊലതുള്ളി വേതാളം

അകലെയെങ്ങോയിരുന്നരുളുന്നു സ്നേഹവാ-

ക്കകലുവാനാകാത്ത തോഴർ

ഒരുമിച്ചുകൂടുന്നതിനിയെന്നു നമ്മളെ ന്നുരുകുന്നു പ്രിയരായ കൂട്ടർ

ഇനിയും വരും കാലമൊരുമിക്കുവാൻ വീണ്ടു മരുവാം പ്രതീക്ഷകളോടെ

മിനിയും തളിർക്കും പ്രപഞ്ചം മധുരം വിളമ്പും വസന്തതിനായ് കാത്തു

മരുവാം പ്രതീക്ഷകളോടെ

ഭയം

ഖലീൽ ജിബ്രാൻ


അലയാഴിയിലലിയുന്നതിൻ മുന്നേ പുഴ

വിറകൊള്ളുന്നു ഭയമോടെന്നു ചൊല്ലിക്കേൾപ്പൂ

ഗിരിശൃംഗത്തിൽ നിന്നു തുടങ്ങി വനങ്ങളും

നഗരം ജനപദം ഗ്രാമമൊക്കെയും താണ്ടി

വളഞ്ഞുപുളഞ്ഞിങ്ങു പോന്നതാം ദീർഘദൂരം

തിരിഞ്ഞൊന്നു നോക്കുന്നു കാതരമിഴികളാൽ

മുന്നിലായ് കാണുന്നതോ കടലിന്നപാരത

ചെന്നലിയിലായില്ലാതായേക്കുമെന്നേക്കുമായ്

എങ്കിലും കരണീയമായില്ല. മറ്റൊന്നുമേ

പിൻതിരിഞ്ഞൊഴുകുവാനാവില്ല പുഴകൾക്ക്

കഷ്ടമാർക്കുമേ കഴിയില്ലല്ലോ മടങ്ങുവാ-

നിഹത്തിൽ തിരിച്ചുപോക്കൊന്നിനുമാവില്ലല്ലോ

സാഗരം പൂകിയലിഞ്ഞില്ലാതാവണം പുഴ

ഭീതി നീങ്ങുവാൻ മാർഗ്ഗം വേറെയൊന്നുമേയില്ല

ആഴിയിലൊടുങ്ങുകയല്ലതു പുഴ തന്നെ

സാഗരമായിത്തീരുമുജ്വലവേളയെന്നു

ബോധമുണ്ടാകാൻ ഭയമില്ലാതാവുക വേണം


(വിവർത്തനം)

Puzha


ഫാദർ ബോബി ജോസ് കട്ടിക്കാട്ടിന്റെ പ്രസംഗം പ്രചോദനമായി കുറിച്ച വരികൾ

ഒരു കുളിരല പോലെ (ഗാനം)

Advaithadeepika by Sree Narayana Guru. Rendered by Ramadas N.



Poem Recited at Thonnakkal

Poem by Rajan C.H. Maranaveedu (മരണവീട്)





ആരുണ്ടിവിടെ ചരിത്രത്തോടു സംവദിക്കാൻ പോന്നവർ - ഡോ. കെ. അയ്യപ്പപ്പണിക്കരുടെ കവിത


"എഴുത്ത്" - മനോജ് കുറൂരിന്റെ കവിത


നീർക്കുമിളകൾ - ബാബുരാജ്